കാനഡയിലെ യോർക്ക് റീജിയണിലെ ബഹുനില ഫ്ലാറ്റുകളിൽ കവർച്ച ലക്ഷ്യമിട്ട് അക്രമികൾ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്നതായി പോലീസ് മുന്നറിയിപ്പ്. ആളില്ലാത്ത വീടുകൾ കണ്ടെത്താനായി ഫ്ലാറ്റുകളുടെ വാതിലുകളിലും ലോക്കുകളിലും പശ ഒട്ടിച്ചു വയ്ക്കുന്ന വിചിത്രമായ രീതിയാണ് മോഷ്ടാക്കൾ സ്വീകരിക്കുന്നത്. വാതിലിൽ ഒട്ടിച്ച പശ ദിവസങ്ങളോളം കേടുപാടുകൾ കൂടാതെ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ, ആ വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തി സംഘം പിന്നീട് കവർച്ച നടത്തുകയാണ് പതിവ്.
ഈ അടുത്ത ദിവസങ്ങളിൽ പ്രദേശത്തെ നിരവധി കോണ്ടോമിനിയങ്ങളിൽ ഇത്തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാപകമായ പരാതികളെ തുടർന്ന് യോർക്ക് പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങളിൽ സംശയാസ്പദമായ രീതിയിൽ മാസ്ക് ധരിച്ച വ്യക്തികൾ ഫ്ലാറ്റുകളുടെ വരാന്തകളിലൂടെ നടന്ന് വാതിലുകൾ പരിശോധിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രധാന വാതിലുകളിലോ ലോക്കുകളിലോ അസാധാരണമായ രീതിയിൽ പശയോ മറ്റ് അടയാളങ്ങളോ കണ്ടാൽ ഉടൻ തന്നെ പോലീസിനെയോ കെട്ടിടത്തിൻ്റെ സുരക്ഷാ വിഭാഗത്തെയോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.